മലയിൻകീഴ് : മലയത്തെ ക്രഷർ ഉടമ ദീപുസോമനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി വിളവൂർക്കൽ മലയം പിടിയംകോട് അമ്പിളിക്കല വീട്ടിൽ സജികുമാർ എന്ന അമ്പിളി (ചൂഴാറ്റു കോട്ട അമ്പിളി-56) ചികിൽസയിൽ ഇരിക്കെ മരിച്ചു. കൊലക്കേസുൾപ്പെടെ ഇരുപത്തിരണ്ടോളം കേസുകളിലെ പ്രതിയാണ് ഇയാൾ. ലിവർ സിറോസിസ് ബാധിച്ചതിനെ തുടർന്ന് കുറച്ചു ദിവസമായി ചികിത്സയിൽ കഴിഞ്ഞു വരവേ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാവിലെ 10.30 നാണ് മരിച്ചത്.
മലയം മൂക്കുന്നിമല ദീപു ക്രഷർ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനായ ദീപു സോമ(46)നെ കഴിഞ്ഞ വർഷം ജൂൺ 24ന് രാത്രി 11ന് തമിഴ്നാട് കളിയിക്കാവിള പോലീസ് സ്റ്റേഷൻ പരിധിയിലെ ഒറ്റമരം ജംഗ്ഷനിൽ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ചൂഴാറ്റുകോട്ട അന്പിളി.
കാർ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റിൽ കഴുത്ത് മുറിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റിൽനിന്ന് ഒരാൾ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. ദീപു മണ്ണുമാന്തിയന്ത്രങ്ങളുടെ വർക്ക്ഷോപ്പും സ്പെയർ പാർട്സ് കടയും നടത്തിയിരുന്നു. മണ്ണുമാന്തിയന്ത്രം വാങ്ങാൻ കോയമ്പത്തൂരിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് ദീപു വീട്ടിൽനിന്ന് ഇറങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതി അമ്പിളിയെ കന്യാകുമാരി എസ് പി സുന്ദരവദനത്തിന്റെ നേതൃത്വത്തിൽ കുഴിത്തുറയിൽ നിന്നാണ് പിടികൂടിയത്. ദീപുവിന്റെ പണമിടപാടുകളിൽ അന്പിളിക്ക് ബന്ധമുണ്ടായിരുന്നു.
കേസിൽ പ്രതിയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന അന്പിളിക്ക് ഈ വർഷം ജൂലായ് 7 ന് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അന്പിളിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മലയത്തുള്ള വീട്ടിൽ കൊണ്ടുവരും.